History

സാമൂഹ്യചരിത്രം

സാമൂഹ്യ, രാഷ്ട്രീയ, സംസ്കാരിക, കലാ, സാഹിത്യ രംഗങ്ങളില്‍ തനതായ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ള ഗ്രാമമാണ് വളാഞ്ചരി. 1921-ലെ മലബാര്‍ കലാപം നടന്ന പ്രദേശങ്ങലിലൊന്നാണ് വളാഞ്ചരി. ചില കൊലക്കഥകളും, നിരവധി പേരുടെ ജയില്‍വാസവും അന്നത്തെ ഭീകരതയുടെ തിക്തമായ ഓര്‍മ്മകളായി അവശേഷിക്കുന്നു. ഓട്ടുപാത്രവ്യവസായവും അത് പാരമ്പര്യ കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള കമ്മാളസമൂഹവും വളാഞ്ചരിയുടെ സ്വത്വത്തിന്റെ ഭാഗമാണ്. ചങ്ങമ്പള്ളി ഗുരുക്കന്‍മാരുമായി ഇവരെ ബന്ധപ്പെടുത്തി പല ചരിത്രകഥകളുമുണ്ട്. ചങ്ങമ്പള്ളി മമ്മുഗുരുക്കള്‍ ആയോധനകലയിലും നാഡിചികിത്സയിലും പേരെടുത്തു പറയാവുന്ന ഒരു പ്രശസ്തവ്യക്തിയായിരുന്നു. 1932-ല്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇവിടെ ദേശീയരാഷ്ട്രീയ വീക്ഷണത്തിന്റെ വിത്തുകള്‍ മുളപൊട്ടാന്‍ അനുകൂലമായ ഒരു സാഹചര്യം ഒരുങ്ങിവന്നിരുന്നു. ഗുരുവായൂര്‍ക്ഷേത്ര സത്യാഗ്രഹത്തിനും കേളപ്പന്റെ ഉപവാസത്തിനും ശേഷം പൊന്നാനി താലൂക്കിലെ സവര്‍ണ്ണ ഹിന്ദുക്കളുടെ അഭിപ്രായമാരായാന്‍ ഒരു റഫറണ്ടം നടത്തുകയുണ്ടായി. റഫറണ്ടത്തിന്റെ കേന്ദ്ര ഓഫീസ് വളാഞ്ചരിയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് കസ്തൂര്‍ബാഗാന്ധി, സി.ആര്‍.ദാസിന്റെ സഹോദരി ഊര്‍മ്മിളാദേവി, സദാശിവറാവു, രാജാജി, യു.ഗോപാലമേനോന്‍ തുടങ്ങിയ പ്രശസ്തര്‍ ഇവിടം സന്ദര്‍ശിച്ചത്. വി.ടി.ഭട്ടതിരിപ്പാടും ഈ കൂട്ടത്തില്‍ എടുത്തുപറയേണ്ട വ്യക്തിയാണ്. 1936-ലാണ് വളാഞ്ചരിയിലെ ആദ്യത്തെ കോണ്‍ഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചത്. 1938-ലാണ് വളാഞ്ചരിയില്‍ മുസ്ളീം ലീഗിന്റെ രൂപീകരണം നടക്കുന്നത്. അരിയുടെ വില കുതിച്ചുയര്‍ന്ന കാലഘട്ടത്തില്‍ “വളാഞ്ചരി മട്ട അരി” പത്രങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. മുഴുവഞ്ചരി ദാമോദരന്‍ നമ്പൂതിരിയുടെയും മറ്റും ശ്രമഫലമായി വളാഞ്ചരിയില്‍ ഒരു ഐക്യനാണയസംഘം പ്രവര്‍ത്തിച്ചിരുന്നു. യുദ്ധാനന്തരം മലബാറില്‍ കേളപ്പന്റെ പരിശ്രമഫലമായി ഫര്‍ക്കാ അടിസ്ഥാനത്തില്‍ ഉല്‍പാദക ഉപഭോക്തൃ സഹകരണസംഘം നിലവില്‍ വന്നപ്പോള്‍, വെള്ളാട്ട് ദാമോദരമേനോന്‍ സെക്രട്ടറിയും ടി.കെ.സി. മൊയ്തീന്‍കുട്ടി പ്രസിഡണ്ടുമായി വളാഞ്ചരിയിലും ഒരു സഹകരണസംഘം സ്ഥാപിതമായി. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ കുറ്റിപ്പുറം സര്‍വ്വീസ് സഹകരണബാങ്ക്. വൈക്കത്തൂര്‍ എല്‍.പി.സ്കൂളായിരുന്നു ആദ്യകാലത്ത് ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസസ്ഥാപനം. നൂറ്റാണ്ടു പഴക്കമുള്ള ഈ സ്ഥാപനം പിന്നീട് യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1951-ല്‍ കൊളമംഗലത്തെ പുത്തന്‍ കളത്തില്‍ ആരംഭിച്ച വളാഞ്ചരി ഹൈസ്കൂളിന്റെ സ്ഥാപകമാനേജര്‍ സി.എം.രാമക്കുറുപ്പായിരുന്നു. സ്വകാര്യമേഖലയില്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും വലിയ സ്കൂളാണ് ഇന്ന് വളാഞ്ചരി ഹൈസ്കൂള്‍. 1980-ല്‍ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ കാട്ടിപ്പരുത്തി പഞ്ചായത്ത് 1981-ലാണ് പേര് മാറ്റി വളാഞ്ചരി പഞ്ചായത്തായിമാറിയത്.

സാംസ്കാരികചരിത്രം

സാഹിത്യസാംസ്ക്കാരിക രംഗത്ത് ഏകദേശം ഒരു നൂറ്റാണ്ടു മുമ്പുതന്നെ വളാഞ്ചരി പ്രസിദ്ധമായിരുന്നു. പുരാണസംഗീതനാടകങ്ങള്‍ എല്ലാ വേനല്‍ക്കാലങ്ങളിലും വി.വി.രാമവാര്യരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടിരുന്നു. ആ കലാപ്രസ്ഥാനത്തില്‍ നിന്നും മുളച്ചുപൊന്തിയ വ്യക്തിയായിരുന്നു പില്‍ക്കാലത്ത് കേരളം മുഴുവന്‍ വളാഞ്ചരിയുടെ കീര്‍ത്തിയെത്തിച്ച ഹാസ്യകലാനടന്‍ എന്‍.കുട്ടിശങ്കരന്‍ നായര്‍. 1990-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1993-ലെ സി.ജെ.സ്മാരക ട്രസ്റ്റിന്റെ ഫാ.എബ്രഹാം വടക്കേല്‍ സ്മാരക അവാര്‍ഡും നേടിയ എന്‍.ദാമോദരന്‍ രാഷ്ട്രീയത്തിനതീതമായി എക്കാലവും തൂലികകൊണ്ട് പോരാടിയ വ്യക്തിയാണ്. പുരാതന കാലത്ത് കലകളുടെ ആസ്ഥാനം ഇല്ലങ്ങളും മനകളും ക്ഷേത്രങ്ങളുമായിരുന്നു. അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ കാവുകള്‍ നിര്‍മ്മിച്ച് തിറയും, പൂതനും കെട്ടി വേലയും, ആട്ടും ആഘോഷിച്ചിരുന്നു. ചവിട്ടുകളിയും, ഞാറ്റുപാട്ടും, ഓണപ്പാട്ടും ഇന്ന് സിനിമയ്ക്കും, ടി.വി.സീരിയലുകള്‍ക്കും വഴി മാറിക്കൊടുത്തു. പള്ളികളിലും നേര്‍ച്ചസ്ഥലത്തും കണ്ടിരുന്ന ദഫ്മുട്ടും, കോല്‍ക്കളിയും, ഒപ്പനപ്പാട്ടുകളും മത്സരസ്റ്റേജുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. നാടകരംഗത്തെ കുട്ടിശങ്കരന്‍ മാസ്റ്ററും, എഴുത്തുകാരന്‍ എന്‍.ദാമോദരനും, കഥാപ്രസംഗ രംഗത്തെ പഞ്ചവടി വാസനും, സംഗീത നാടകരംഗത്തെ കുട്ടപ്പക്കുറുപ്പുമെല്ലാം വളാഞ്ചരിയുടെ കലാസാംസ്കാരിക രംഗത്തെ ധന്യമാക്കിയ പ്രഗത്ഭരായിരുന്നു. ഗുരുകുല വിദ്യാഭ്യാസത്തിന്റെ അവസാനരൂപമായ കുടിപ്പള്ളിക്കൂടങ്ങള്‍ പഞ്ചായത്തില്‍ നിലനിന്നിരുന്നു.