ഭരണഘടന സ്ഥാപനങ്ങളില്‍ സാധാരണ ജനങ്ങള്‍ നിത്യവും ആശ്രയിക്കുന്ന മഹത്തായ സ്ഥാപനങ്ങളാണ് രാജ്യത്തെ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും. 85% ഗ്രാമങ്ങള്‍ മാത്രം ഉണ്ടയിരുന്ന സ്വതന്ത്ര ഇന്ത്യയില്‍ ഇന്ത്യയുടെ പുരോഗതി ഗ്രാമങ്ങളുടെ പുരോഗതിയാണെന്ന് രാഷ്ട്രപിതാവ് മഹാത്മജി ഊന്നി പറഞ്ഞത് അത്കൊണ്ട്തന്നെയാണ്. ഇന്ത്യയുടെ ആസൂത്രണത്തില്‍ ഗ്രാമസ്വരാജ് എന്ന ആശയം ഏറെ പ്രസ്ക്തമായത് ഈ യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും നിലനില്‍ക്കുന്നത് കൊണ്ടാണ്.
മലബാറിന്‍റെ പൊതുസാമൂഹ്യ രാഷ്ട്രീയ, സാംസ്കാരിക, കലാസാഹിത്യ രംഗങ്ങളില്‍ തനതായ വ്യക്തിത്വവും ശൈലിയും പുലര്‍ത്തിപ്പോരാന്‍ കഴിഞ്ഞിട്ടുള്ള ഒരു നഗരമാണ് വളാഞ്ചേരി. ഏകദേശം രണ്ട് പതിറ്റണ്ടുകള്‍ക്കു മുമ്പ് വരെ, ഓലമേഞ്ഞ കൊച്ചു കൂരകള്‍ക്ക് താഴെ ചെറിയ ചെറിയ കച്ചവട പീടികകളും ആഴ്ചയിലൊരിക്കല്‍ ആവശ്യ വസ്തുക്കള്‍ ലഭ്യമാകുന്ന ചന്തയും കൊണ്ട് ഗ്രാമവാസികള്‍ സംതൃപ്തരായിരുന്നു. ഇന്ന് വളാഞ്ചേരി ഏറെ വളര്‍ന്നിരിക്കുന്നു. ഈ വളര്‍ച്ചയില്‍ അഭിമാനിച്ചുകൊണ്ട് നമുക്ക് കഴിഞ്ഞ കാലത്തിന്‍റെ തിരശ്ശീല നീക്കി നോക്കാം.
മൂത്തമന പുരുഷോത്തമന്‍ നമ്പൂതിരി സ്ഥാപക മാനേജരായുള്ള വൈക്കത്തൂര്‍ എല്‍.പി. സ്കൂളായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ സ്ഥാപനം പിന്നീട് യു.പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. എട്ട് പത്ത് നാഴിക ചുറ്റളവില്‍ വിദ്യാഭ്യാസത്തിനായി ഈ സ്കൂള്‍ മാത്രമാണുണ്ടായിരുന്നത്. അന്ന് 8 ാം ക്ലാസ് പരീക്ഷയായിരുന്നു യു.പി. വിദ്യാഭ്യാസം. 1951 ല്‍ കൊളമംഗലത്തെ പുത്തന്‍ കളത്തില്‍ ആരംഭിച്ച വളാഞ്ചേരി ഹൈസ്കൂളിന്‍റെ സ്ഥാപക മാനേജര്‍ സി.എം. രാമക്കുറുപ്പായിരുന്നു. തുടര്‍ന്ന് മൈലാടിക്കുന്നിലേക്ക് മാറിയ ഈ സ്ഥാപനം നാഴികകള്‍ താണ്ടിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി. ശ്രീ. മഠത്തില്‍ ബാലകൃഷ്ണന്‍ നായര്‍ ഈ സ്ഥാപനത്തിന്‍റെ മാനേജരായി നിരവധി വര്‍ഷങ്ങള്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ തിരൂര്‍ വിദ്യഭ്യാസ ജില്ലയില്‍ ഏറ്റവും വലിയ സ്കൂളാണ് ഇന്ന് വളാഞ്ചേരി ഹൈസ്ക്കൂള്‍. അതിനു വേണ്ട സ്ഥലം മഴുവഞ്ചേരി മന സംഭാവന ചെയ്തു. ഈ വിദ്യാഭ്യാസ സ്ഥാപനത്തെപ്പോലെത്തന്നെ അന്നും വളാഞ്ചേരിയില്‍ പോലീസ് സ്റ്റേഷനും പോസ്റ്റോഫീസും ഉണ്ടായിരുന്നു. നൂറ്റാണ്ടോളം പഴക്കവുമായി ഇന്നും നില നില്‍ക്കുന്ന സ്ഥാപനങ്ങള്‍. ആദ്യത്തെ തപാല്‍ പോസ്റ്റുമാസ്റ്റര്‍ മഴുവഞ്ചേരി ദാമോദരന്‍ നമ്പൂതിരിയായിരുന്നു. ഇദ്ദേഹം ഇവിടുത്തെ പഞ്ചായത്ത് കോടതിയുടെ അധ്യക്ഷനായി ദീഘകാലം പ്രവര്‍ത്തിച്ചുട്ടുണ്ട്. അന്ന് പഞ്ചായത്ത് കോടതിയുടെ തീരുമാനങ്ങള്‍ക്കുള്ള അപ്പീല്‍ അധികാരം ഹൈക്കോടതിക്ക് മാത്രമായിരുന്നു. പിന്നീട് വളാഞ്ചേരി എം.ഇ.എസ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായി.
1921 ലെ മലബാര്‍ കലാപം നടന്ന പ്രദേശങ്ങളിലൊന്നാണ് വളാഞ്ചേരി. ചില കൊലപാതകങ്ങളും അനവധി പേരുടെ ജയില്‍വാസവും അന്നത്തെ തിക്തമായ ഓര്‍മ്മകളായി അവശേഷിക്കുന്നു. ഓട്ടുപാത്ര വ്യവസായവും അത് പാരമ്പര്യ കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള കമ്മാള സമൂഹവും വളാഞ്ചേരിയുടെ സ്വത്വത്തിന്‍റെ ഭാഗമാണ്. ചങ്ങമ്പള്ളി ഗുരുക്കന്‍മാരുമായി ഇവരെ ബന്ധപ്പെടുത്തി പല ചരിത്ര കഥകളുമുണ്ട്. ചങ്ങമ്പള്ളി മമ്മുഗുരുക്കള്‍ ആയോധനകലയിലും നാഡി ചികിത്സയിലും പേരെടുത്തുപറയാവുന്ന പ്രശസ്തവ്യക്തിയായിരുന്നു. കാട്ടിപ്പരുത്തി ചങ്ങമ്പള്ളി വൈദ്യശാലയും തൊഴുവാനൂരിലെ അമ്മിക്കൊത്ത്, മൂച്ചിക്കലിലെ ഓട് പാത്രനിര്‍മ്മാണവും ഒക്കെ നമ്മുടെ സാംസ്കാരിക പൈതൃകങ്ങളായി നിലനില്‍ക്കുന്നു.
1932 ല്‍ ഇവിടെ രാഷ്ട്രീയവീക്ഷണം വിതക്കാന്‍ പറ്റിയ ചില കാരണങ്ങളുണ്ടായി. ഗുരുവായൂര്‍ സത്യാഗ്രഹത്തിനും കേളപ്പന്‍റെ ഉപവാസത്തിനും ശേഷം പൊന്നാനി താലൂക്കിലെ സവര്‍ണ്ണ ഹിന്ദുക്കളുടെ അഭിപ്രായമറിയാന്‍ ഒരു റഫറണ്ടം നടത്തുകയുണ്ടായി. റഫറണ്ടത്തിന്‍റെ കേന്ദ്ര ഓഫീസ് വളാഞ്ചേരിയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് കസ്തൂര്‍ബാ ഗാന്ധി, സി.ആര്‍. ദാസിന്‍റെ സഹോദരി ഊര്‍മ്മിളാ ദേവി, സദാശിവ റാവു, രാജാജി, യു. ഗോപാലമേനോന്‍, തുടങ്ങിയ പ്രശസ്തര്‍ ഇവിടം സന്ദര്‍ശിച്ചത്. വി.ടി. ഭട്ടതിരിപ്പാടും ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട വ്യക്തിയാണ്.
വി. പരമേശ്വരന്‍, വി. പത്മനാഭമേനോന്‍, എന്‍ ദാമോദരന്‍ എന്നിവര്‍ നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും ആദ്യത്തെ രണ്ടുപേര്‍ ജയില്‍വാസം വരിക്കുകയുമുണ്ടായി. ഇതില്‍ വി. പരമേശ്വരന്‍ രാഷ്ട്രീയത്തിന്‍റെ ഉന്നതങ്ങളില്‍ എത്തിച്ചേര്‍ന്നു. അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ ജോ. സെക്രട്ടറി, ലോകസമാധാന കൗണ്‍സിലിന്‍റെ ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പില്‍ക്കാലത്ത് എറണാകുളത്ത് താമസിച്ചുവരവെ നിര്യാതനായി.
1936 ലാണ് വളാഞ്ചേരിയിലെ ആദ്യത്തെ കോണ്‍ഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചത്. വെള്ളാട്ട് ദാമോദരമേനോനായിരുന്നു പ്രസിഡന്‍റ്. കോണ്‍ഗ്രസ്സ് കര്‍ഷക പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്ന കാലമായിരുന്നു അത്. കൂടാതെ വെള്ളാട്ട് കേശവമേനോന്‍ പ്രസിഡന്‍റും എന്‍. ദാമോദരന്‍ സെക്രട്ടറിയുമായി ഒരു സാംസ്കാരിക സമിതിയും പ്രവര്‍ത്തിച്ചിരുന്നു. ടി.പി. നാരായണ്‍, ചേക്കുമാസ്റ്റര്‍, കുഞ്ഞിമൊയ്തു മാസ്റ്റര്‍, എന്‍. കുട്ടിശങ്കരന്‍ നായര്‍ തുടങ്ങിയവര്‍ അന്നത്തെ പ്രധാന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്നു. അന്ന് എയ്ഡഡ് അധ്യാപകരെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബ്രിട്ടീഷ് സാമ്രാജ്യത്വം തടഞ്ഞിരുന്നില്ല. അത് ഒരത്ഭുതമായിരുന്നു. അക്കാലത്തെ പൊന്നാനി താലൂക്ക് അധ്യാപക യൂണിറ്റിന്‍റെ ആസ്ഥാനവും വളാഞ്ചേരിയായിരുന്നു. എം. പി കൃഷ്ണമേനോന്‍, കാഞ്ഞിരങ്ങാട്ട് ബാലകൃഷ്ണന്‍ നായര്‍, കാക്കുണ്ണി നമ്പ്യാര്‍, വി. വി. രാഘവവാര്യര്‍, ടി.പി. നാരായണന്‍, ചേക്കു മാസ്റ്റര്‍, ഇ.പി. ഗോവിന്ദന്‍ നായര്‍ എന്നിവരനുഷ്ഠിച്ച ത്യാഗങ്ങള്‍ നിരവധിയായിരുന്നു.
1938 ലാണ് വളാഞ്ചേരിയില്‍ മുസ്ലിം ലീഗിന്‍റെ ആവിര്‍ഭാവമുണ്ടായത്. ഒരനാഥ ബാലനായിരുന്ന കുഞ്ഞിമൊയ്തുവിന് ലാഹോറില്‍ വെച്ച് വിദ്യാഭ്യാസം ലഭിക്കാനിടയായി (ഇദ്ദേഹത്തിന്‍റെ പിതാവ് മലബാര്‍ കലാപത്തില്‍ പെട്ട് ജയില്‍ ശിക്ഷയനുഭവിക്കുമ്പോള്‍ അന്തരിക്കുകയാണുണ്ടായത്). വിദ്യാഭ്യാസാനന്തരം തിരിച്ചെത്തിയ കുഞ്ഞിമൊയ്തുവാണ് ഇവിടെ മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഈ നാട്ടുകാരനും മതപണ്ഡിതനും ശാന്തശീലനുമായിരുന്ന പി.സി.എസ്സ്. മൗലവിയുടെ അനുഗ്രഹാശിസ്സുകളോടെ ലീഗ് പ്രവര്‍ത്തനം തുടങ്ങി. മൂച്ചിക്കലിനടുത്ത് ഒരു പുറമ്പോക്ക് സ്ഥലത്ത് സീതിസാഹിബിന്‍റെ ഉജ്ജ്വല പ്രഭാഷണത്തോടെ ലീഗ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ ലീഗ് സമ്മേളനത്തില്‍ കോണ്‍ഗ്രസ്സുകാരനായ ചേക്കുമാസ്റ്റര്‍ ലീഗിനെ വിമര്‍ശിച്ചു പ്രസംഗിച്ചത് ഒരപശബ്ദമായി കോളിളക്കം സൃഷ്ടിച്ചു. അങ്ങിനെ 1930 കളുടെ മദ്ധ്യം തൊട്ട് വളാഞ്ചേരി രാഷ്ട്രീയത്തിന്‍റെ ചൂടുപിടിച്ച പ്രദേശമായി. ലീഗിന്‍റെ പില്‍ക്കാല ചരിത്രത്തില്‍ ദീര്‍ഘകാലം അതിന്‍റെ നേതൃത്വം ജ: സി. എച്ച് ആലിക്കുട്ടി ഗുരുക്കള്‍ക്കായിരുന്നു.
സാഹിത്യ സാംസ്കാരിക രംഗത്ത് ഏകദേശം എഴുപതില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വളാഞ്ചേരി പേരെടുത്തിരുന്നു. ദൃശ്യകലാ പ്രധാനമായ പുരാണ സംഗീത നാടകങ്ങള്‍ എല്ലാ വേനല്‍ കാലങ്ങളിലും ശ്രീ. വി.വി. രാമവാര്യരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടിരുന്നു. ആ പ്രസ്ഥാനത്തില്‍ നിന്നും മുളച്ച് പൊന്തിയ വ്യക്തിയായിരുന്നു പില്‍ക്കാലത്ത് കേരളം മുഴുവന്‍ വളാഞ്ചേരിയുടെ പേരെത്തിച്ച ഹാസ്യനടന്‍ ശ്രീ. എന്‍.കുട്ടിശങ്കരന്‍ നായര്‍. 1940 കളില്‍ മലബാറിലെ മുഴുവന്‍ ഇടതുപക്ഷ രാഷ്ട്രീയക്കാരുടെ സദസ്സുകളില്‍ അദ്ദേഹം വിജയക്കൊടി നാട്ടി. വളാഞ്ചേരി കുട്ടിശങ്കരന്‍ നായരുടെ പേരുകേട്ടാല്‍ ജനം തള്ളിക്കയറുമായിരുന്നത്രെ. 1990 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1993 ലെ സി. ജെ. സ്മാരക ട്രസ്റ്റിന്‍റെ ഫാ. എബ്രഹാം വടക്കേല്‍ സ്മാരക അവാര്‍ഡും നേടിയ ശ്രീ. എന്‍. ദാമോദരന്‍ രാഷ്ട്രീയത്തിനതീതമായി തൂലികയിലൂടെ പോരാടിയ വ്യക്തിയാണ്. വളാഞ്ചേരിയില്‍ നിരവധി കലാസാംസ്കാരിക സംഘടനകള്‍ രൂപപ്പെടുകയും ഈയാം പാറ്റകളെപ്പോലെ മറഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്. ഇതില്‍ എടുത്തു പറയാവുന്ന ഒന്നാണ് 1970 കളില്‍ പ്രവര്‍ത്തിച്ചിരുന്ന കലാസാഗര്‍ തീയേറ്റേഴ്സ്. ശ്രീ. മുഴുവഞ്ചേരി ദാമോദരന്‍ നമ്പൂതിരിയുടെയും മറ്റും ശ്രമഫലമായി വളാഞ്ചേരിയില്‍ ഒരു ഐക്യനാണയസംഘംപ്രവര്‍ത്തിച്ചിരുന്നു. യുദ്ധാനന്തരം മലബാറില്‍, ശ്രീ. കേളപ്പന്‍റെ പരിശ്രമഫലമായി ഫര്‍ക്കാ അടിസ്ഥാനത്തില്‍ ഉല്‍പാദക ഉപഭോക്തസഹകരണ സംഘം നിലവില്‍ വന്നപ്പോള്‍ ശ്രീ. വെള്ളാട്ട് ദാമോദരമേനോന്‍ സെക്രട്ടറിയും ടി.കെ.സി. മൊയതീന്‍ കുട്ടി പ്രസിഡണ്ടുമായി വളാഞ്ചേരിയിലും ഒരെണ്ണം നിലവില്‍ വന്നു. അതിന്‍റെ തുടര്‍ച്ചയാണ് ഇന്നത്തെ വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക്.
1950 കളില്‍ കമ്യൂണിസം പാര്‍ലമെന്‍ററി സമ്പ്രദായം സ്വീകരിച്ചതോടെ ഇവിടെ ഇടതുപക്ഷ രാഷ്രീയപ്രവര്‍ത്തനം സജീവമായി. 1940 ല്‍ കൊട്ടാരത്ത് വെച്ച് ഏതാനും പേര്‍ കൂടി ചേര്‍ന്ന് ഒരു ചര്‍ച്ചയിലൂടെയാണ് വളാഞ്ചേരിയില്‍ കമ്യൂണിസം ആരംഭിക്കുന്നത്. ഇക്കാലത്ത് കമ്യൂണിസം നിരോധിച്ച കാലമായിരുന്നു. വി. പരമേശ്വരന്‍ വെണ്ടല്ലൂര്‍, മഠത്തിലെ ഗോവിന്ദന്‍ കുട്ടി (ഇദ്ദേഹം അദ്ധ്യാപക സമരത്തില്‍ ജയിലില്‍ പോയ അദ്ധ്യാപകനല്ലാത്ത ഒരു വ്യക്തിയായിരുന്നു). ദാമോദരമേനോന്‍, പത്മനാഭ മേനോന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഗോവിന്ദന്‍ കുട്ടി പിന്നീട് ദേശാഭിമാനി പത്രത്തിന്‍റെ മാനേജരായിരുന്നിട്ടുണ്ട്. 1948ല്‍ നടന്ന സമരത്തില്‍ ശ്രീ. ഇ. രാമന്‍ നായര്‍ പോലീസിന്‍റെ ഭീഷണിക്ക് വിധേയനായിട്ടുണ്ട്. 1950 കളില്‍ ശ്രീ. പി.വി. കുഞ്ഞിക്കണ്ണന്‍ വളാഞ്ചേരിയില്‍ താമസിച്ച് പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്നുണ്ടായിട്ടുള്ള വളാഞ്ചേരിയിലെ എല്ലാ ഇടതുപക്ഷ കര്‍ഷക സമരങ്ങളിലും ശ്രീ. ഇ. രാമന്‍ നായര്‍, വിക്കരന്‍ മാസ്റ്റര്‍, ടി. പി. നാരായണന്‍, ഇ.പി. ഗോവിന്ദന്‍ നായര്‍, ടി. ആര്‍. കുഞ്ഞികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. വളാഞ്ചേരിക്കാരനായ ഡോ. കെ.ടി. ജലീലാണ് ഇന്ന് കേരളത്തിന്‍റെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി.
കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം പ്രഥമമായി ഈ രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചത് ഡിസ്ട്രിക് ബോര്‍ഡുകള്‍ എന്ന രീതിയിലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ധാരാളം അധികാരമുള്ള അര്‍ത്ഥത്തിലും പ്രവര്‍ത്തിയിലും ജനങ്ങളുടെ പഞ്ചായത്തായ പ്രാദേശിക പഞ്ചായത്തുകള്‍ 1958-1959 കാലഘട്ടങ്ങളില്‍ നമ്മുടെ നാട്ടില്‍ നിലവില്‍ വന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരും നാട്ട് മധ്യസ്ഥന്‍മാരും പ്രാദേശിക പ്രമാണിമാരും വിളിച്ച് ചേര്‍ക്കപ്പെട്ട ഒരു സദസ്സില്‍ നിന്ന് കൈ പൊക്കി അഭിപ്രായം രേഖപ്പെടുത്തുന്ന രീതിയായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. 1959 ലാണ് ആദ്യത്തെ കൈ പൊക്കി വോട്ടെടുക്കുന്ന സമ്പ്രദായത്തിലുള്ള പഞ്ചായത്ത് നിലവില്‍ വന്നത്. ശ്രീ. വള്ളാട്ട് പത്മനാഭ മേനോനായിരുന്നു ആദ്യത്തെ പ്രസിഡന്‍റ്. ഇന്നത്തേതു പോലെ അന്നും പ്രസിഡന്‍റിന് എക്സിക്യുട്ടീവ് അധികാരമുണ്ടായിരുന്നു. 1964 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു.
1962 ല്‍ ഗ്രാമപഞ്ചായത്തുകള്‍ ശക്തമായ രീതിയില്‍ നമ്മുടെ രാജ്യത്ത് നിലവില്‍ വന്നു. 6 മണ്ഡലങ്ങളായി കാട്ടിപ്പരുത്തി പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാറമ്മേല്‍ ഭട്ടിമനക്കല്‍ അക്കി രാമന്‍ നമ്പൂതിരിപ്പാട് പ്രസിഡന്‍റും പാലാറ കുഞ്ഞറമുട്ടി ഹാജി വൈസ് പ്രസിഡന്‍റും. കെ.കെ ഇസ്മായില്‍, നെല്ലേക്കാട്ട് പത്മനാഭന്‍ നായര്‍, റാബിയ, കോട്ടാട്ടുകഴിയില്‍ നീലാണ്ടന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പഞ്ചായത്ത് ഭരണം മുന്നോട്ട് കൊണ്ട് പോയത്. ഈ ഭരണസമിതിയുടെ അവസാന ഘട്ടത്തില്‍ അക്കിരാമന്‍ നമ്പൂതിരിയുടെ മരണത്തെതുടര്‍ന്ന് പാലാറ കുഞ്ഞറമുട്ടി ഹാജി പ്രസിഡന്‍റായി ചുമതലയേറ്റു. ഈ ഭരണസമിതിക്കും വ്യക്തമായ രാഷ്ട്രീയ നിറങ്ങളുണ്ടായിരുന്നില്ല. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ചരിത്രത്തില്‍ നീണ്ട 17 വര്‍ഷക്കാലം ഭരണം നടത്തിയ ഭരണ സമിതി ആയിരുന്നു ഇത്. ഇന്നത്തേ തദ്ദേശഭരണ സ്ഥാപനങ്ങളേക്കാള്‍ അധികാരവും സ്വീകാര്യതയും ഈ പഞ്ചായത്തുകള്‍ക്കുണ്ടായിരുന്നു. നാട്ടുതര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് ഗ്രാമകോടതികള്‍ വരെ സജീവമായ ഒരു കാലഘട്ടമായിരുന്നു ഇത്. 1979 ല്‍ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പാലാറ ഹംസ ഹാജി പ്രസിഡന്‍റും, നടക്കാവില്‍ അബുഹാജി വൈസ് പ്രസിഡന്‍റുമായ ഭരണസമിതി നിലവില്‍ വന്നു. ശ്രീ. ചെമ്പന്‍, ചെകിടന്‍കുഴിയില്‍ അലവി ഹാജി, പി.പി കുഞ്ഞിമുഹമ്മദ് ഹാജി, സി.എച് മമ്മികുട്ടി ഗുരിക്കള്‍, സയ്യിദ് എം.കെ തങ്ങള്‍ കാര്‍ത്തല, കൂരിപ്പറമ്പില്‍ തെക്കുംമ്പാട്ട് സൈതു ഹാജി, ആലസ്സന്‍ പാട്ടില്‍ ഫാത്തിമ, കുണ്ടില്‍ ഫാത്തിമ എന്നിവര്‍ ഈ പഞ്ചായത്ത് സമിതിയിലെ അംഗങ്ങളായിരുന്നു.
1980 ല്‍ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ കാട്ടിപ്പരുത്തി പഞ്ചായത്ത് 1981 ല്‍ പേര് മാറ്റി വളാഞ്ചേരി പഞ്ചായത്തായി. പഞ്ചായത്ത് ഓഫീസിന് ഇന്ന് കാണുന്ന ഓഫീസ് കെട്ടിടം അടക്കം, വളാഞ്ചേരി ബസ്റ്റാന്‍റ് അടക്കമുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഈ ഭരണസമിതിക്ക് സാധിച്ചു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും കാട്ടിപ്പരുത്തി പഞ്ചായത്ത് എന്ന പഞ്ചായത്ത് നാമം വളാഞ്ചേരി പഞ്ചായത്ത് എന്നാക്കി മാറ്റിയത് ഈ ഭരണസമിതിയുടെ കാലത്താണ്.
1987 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മാരാത്ത് അബ്ദു ഹാജി പ്രസിഡന്‍റും, കെ.ആര്‍ ശ്രീകുമാര്‍ വൈസ് പ്രസിഡന്‍റുമായഭരണസമിതി നിലവില്‍ വന്നു. മെമ്പര്‍മാര്‍, പി.പി കുഞ്ഞുമുഹമ്മദ് ഹാജി, പി.ഹംസ, ടി.ആര്‍ കുഞ്ഞികൃഷ്ണന്‍, സി.എച്ച്. അബൂയൂസഫ് ഗുരുക്കള്‍, ചാത്തന്‍ മണി, ടി.പി മൊയ്തീന്‍കുട്ടി, കല്ലന്‍ ബീവി എന്നിവരായിരുന്നു. ഈ തെരഞ്ഞെടുപ്പുകളെല്ലാം തന്നെ തദ്ദേശ സ്വയംഭരണ വകുപ്പ് തേതൃത്വം നല്‍കിയിരുന്ന തിരഞ്ഞെടുപ്പായതിനാല്‍ 5 വര്‍ഷ കാലാവധി എന്ന സമയപരിധി നിയന്ത്രിക്കാന്‍ വകുപ്പിന് കഴിയാതെ പോന്നു. 7 വര്‍ഷം മുതല്‍ 16 വര്‍ഷം വരെ കാലാവധി നീട്ടി കൊടുത്ത് കൊണ്ടാണ് ഈ ഭരണസമിതികള്‍ മുന്നോട്ട് കൊണ്ട് പോയത്.
പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്നതിന് ശേഷം 1995 മുതല്‍ ഇലക്ഷന്‍ കമ്മീഷന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ സംസ്ഥാനത്ത് നടപ്പിലായി. 1995 ലെ തെരഞ്ഞെടുപ്പില്‍ സി.എച്ച് അബൂയൂസഫ് ഗുരുക്കള്‍ പ്രസിഡന്‍റും, യു. അബ്ദുള്‍ അസീസ് എന്ന മണി വൈസ് പ്രസിഡന്‍റും കളപ്പുലാന്‍ കുഞ്ഞാപ്പു ഹാജി, പാലാറ ഹംസ ഹാജി, ടി.സുലൈഖ, എ. നന്ദിനി. ഭവാനി ടീച്ചര്‍, ടി.പി മൊയ്തീന്‍കുട്ടി, കെ.പി പാത്തുമ്മ ടീച്ചര്‍, എം. മൊയ്തീന്‍കുട്ടി എന്ന കുഞ്ഞുട്ടി., ടി. കൃഷ്ണന്‍ വൈദ്യര്‍ മൂര്‍ക്കത്ത് മുതസ്തഫ അംഗങ്ങളായ ഭരണസമിതി നിലവില്‍ വന്നത്. ഈ കാലഘട്ടത്തിലാണ് വികസന രംഗത്ത് ധാരാളം മുന്നേറ്റങ്ങള്‍ നടത്തിയത്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ 73-74 ഭരണഘടനാ ഭേദഗതികളോട് കൂടി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഓട്ടേറെ അധികാരങ്ങള്‍ ലഭ്യമായ സാഹചര്യത്തില്‍ ജനകീയാസൂത്രണ പ്രസ്ഥാനമെന്ന ഗുണകരമായ മുന്നേറ്റത്തിന് സംസ്ഥാനം സാക്ഷിയായി. ജനകീയാസുത്രണ പ്രസ്ഥാനത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്‍റെ 40 ശതമാനം ഫണ്ടുകള്‍ വിവിധ മേഖലകളില്‍ ചെലവഴിക്കാന്‍ അവസരം ലഭ്യമായ ഭരണസമിതി ആയിരുന്നു ഇത്. പഞ്ചായത്തിന് പരമാവധി സ്വത്തുക്കള്‍ കരസ്ഥമാക്കാന്‍ ഈ കാലഘട്ടത്തില്‍ ഭരണസമിതിക്ക് കഴിഞ്ഞു. വട്ടപ്പാറയിലുള്ള വ്യവസായ കേന്ദ്രത്തിന്‍റെ സ്ഥലമെടുപ്പ്, മാലിന്യ നിക്ഷേപത്തിന് സ്വന്തമായി സ്ഥലം, സംസ്ഥാനത്തിന് തന്നെ മാതൃകയായി. വളാഞ്ചേരി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണപദ്ധതി തുടങ്ങിയ പദ്ധതികളിലൂടെ പ്രവര്‍ത്തനം ഈ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് ആരംഭിച്ചത്.
1995 ലെ ഭരണസമിതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് 2000 ത്തില്‍ നിലവില്‍ വന്ന പുതിയ ഭരണസമിതി ഏറ്റെടുത്തത്. സി.എച്ച് അബൂയൂസഫ് ഗുരിക്കള്‍ വീണ്ടും പ്രസിഡന്‍റായി തെിരഞ്ഞെടുക്കുകയും ചേരിയില്‍ രാമകൃഷ്ണന്‍ വൈസ് പ്രസിഡന്‍റായും മൂര്‍ക്കത്ത് മുസ്തഫ, കോട്ടീരി ഉണ്ണികൃഷ്ണന്‍, ടി. കൃഷ്ണന്‍ വൈദ്യര്‍, ടി.പി മൊയ്തീന്‍ കുട്ടി, പി.വി ബദറുന്നീസ, പി.പി സുഹറ, സി.കൈ നാസര്‍, റൂബി ഖാലിദ്, സുബൈദ, എന്‍. വേണു. വി.പി അബ്ദുറഹിമാന്‍ എന്ന മണി, ഉഷ., വി.പി ശാന്ത, പാലാറ ഉണ്ണീന്‍ എന്നിവര്‍ അംഗങ്ങളായ ഭരണസമിതിയാണ് നിലവില്‍ വന്നത്. ബസ്റ്റാന്‍റ് നവീകരണവുമായി ബന്ധപ്പെട്ട് പുതിയ കംഫര്‍ട്ട് സ്റ്റേഷന്‍, മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ സ്വരാജ് ട്രോഫി രണ്ട് തവണ ലഭ്യമായ ഈ കാലഘട്ടത്തില്‍ സമ്മാന തുകയായി ലഭിച്ച 250000 രൂപ മുടക്കി പ്രവര്‍ത്തനം ആരംഭിച്ച സ്വാരാജ് ലൈബ്രറി, 50000 രൂപ മാത്രം മുടക്കി പൊതുജനങ്ങളുടെ സംഭാവന സ്വീകരിച്ച് ബി.ഒ.ടി അടിസ്ഥാനത്തില്‍ ഒന്നര കോടി രൂപ ചെലവഴിച്ച് നാല്‍പ്പത് ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉറപ്പാക്കിയ വളാഞ്ചേരി ഷോപ്പിംഗ് ക്ലോപ്ലക്സിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ബഹുമാന്യനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചത് ഈ കാലഘട്ടത്തിലാണ്. ഈ ഭരണസമിതിയുടെ അവസാന മൂന്ന് മാസക്കാലം ടി.പി മൊയ്തീന്‍കുട്ടി പ്രസിഡന്‍റായിരുന്നു.
2005 ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണ പഞ്ചായത്തായി ഇലക്ഷന്‍ പ്രഖ്യാപിച്ചു. പുതിയ ഭരണസമിതിയുടെ അദ്ധ്യക്ഷയായി കെ.കെ ആയിഷാബിയും വൈസ്പ്രസിഡന്‍റായി പറശ്ശേരി അസൈനാറും രണ്ടര വര്‍ഷത്തിന് ശേഷം കെ.വി ഉണ്ണികൃഷ്ണനും ചുമതലയേറ്റു. പ്രസ്തുത ബോര്‍ഡില്‍ അംഗങ്ങളായി ടി.പി മൊയ്തീന്‍കുട്ടി, സി.കെ നാസര്‍, എന്‍.വേണു, തയ്യില്‍ റംല, കൃഷ്ണന്‍ എന്ന അപ്പു, മച്ചിഞ്ചേരി മൊയ്തു. ടി.ടി ബഷീര്‍, ഇന്ദിര, സി. ദാവൂദ് മാസ്റ്റര്‍, കാരപറമ്പില്‍ അബ്ബാസ്, നടക്കാവില്‍ റഫീഖ്, പി.ഷാനി ടീച്ചര്‍, പി.തിത്താച്ചുട്ടി ടീച്ചര്‍, കെ.അച്ചുതന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്തിലെ പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മൂന്ന് സര്‍ക്കാര്‍ സ്കൂളൂകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിന് ചര്‍ച്ചക്ക് തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലാണ്. സ്റ്റേഡിയം അക്വിസിഷന്‍ നടപടികള്‍ക്കും തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലാണ്.
2005 ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണ പഞ്ചായത്തായി ഇലക്ഷന്‍ പ്രഖ്യാപിച്ചു. പുതിയ ഭരണസമിതിയുടെ അദ്ധ്യക്ഷയായി കെ.കെ ആയിഷാബിയും വൈസ്പ്രസിഡന്‍റായി പറശ്ശേരി അസൈനാറും രണ്ടര വര്‍ഷത്തിന് ശേഷം കെ.വി ഉണ്ണികൃഷ്ണനും ചുമതലയേറ്റു. പ്രസ്തുത ബോര്‍ഡില്‍ അംഗങ്ങളായി ടി.പി മൊയ്തീന്‍കുട്ടി, സി.കെ നാസര്‍, എന്‍.വേണു, തയ്യില്‍ റംല, കൃഷ്ണന്‍ എന്ന അപ്പു, മച്ചിഞ്ചേരി മൊയ്തു. ടി.ടി ബഷീര്‍, ഇന്ദിര, സി. ദാവൂദ് മാസ്റ്റര്‍, കാരപറമ്പില്‍ അബ്ബാസ്, നടക്കാവില്‍ റഫീഖ്, പി.ഷാനി ടീച്ചര്‍, പി.തിത്താച്ചുട്ടി ടീച്ചര്‍, കെ.അച്ചുതന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്തിലെ പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മൂന്ന് സര്‍ക്കാര്‍ സ്കൂളൂകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിന് ചര്‍ച്ചക്ക് തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലാണ്. സ്റ്റേഡിയം അക്വിസിഷന്‍ നടപടികള്‍ക്കും തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലാണ്.
2010ല്‍ ടി.പി അബ്ദുള്‍ ഗഫൂര്‍ പ്രസിഡന്‍റും കെ.പി മുനീറ വൈസ് പ്രസിഡന്‍റും ആയ ഭരണസമതി നിലവില്‍ വന്നു. ഈ ഭരണസമിതിയില്‍ അംഗങ്ങളായി പി.ശംസുദ്ദീന്‍, നൗഷാദ് അമ്പലത്തിങ്ങല്‍ ഫെബീന റസാഖ്, ടി.കെ ഇബ്രാഹീം, കെ.ഹാജറ, ജയശ്രീ. കെ.എം, പ്രസന്ന.കെ, ഫസീല. ഇ, കെ.വി ഉണ്ണികൃഷ്ണന്‍, കെ.പി സഫിയ, സി.കെ സുനീറ നാസര്‍, പി. രാജന്‍, മീന രവീന്ദ്രന്‍, വനജ.ഇ, സി.എം മുഹമ്മദ് റിയാസ്, എം മൊയ്തു, ടി.പി മൊയ്തീന്‍കുട്ടി, പി.പി ഇന്ദുജ, ശിഹാബുദ്ദീന്‍ എന്നിവരായിരുന്നു. ഈ കാലയളവില്‍ തുല്യം അതുല്യം നടത്തിയതിന് സംസ്ഥാന തല അംഗീകാരവും ആരോഗ്യ കേരള പുരസ്കാരത്തില്‍ ഉള്‍പ്പെട്ട് ജില്ലയില്‍ ഒന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. പൈങ്കണ്ണൂര്‍ ജി.യു.പി സ്കൂളിന് സ്ഥലമെടുത്തതും, വി.എഫ്.എയുമായി ധാരണയായി സ്റ്റേഡിയം ഏറ്റെടുത്തതും ഈ കാലത്താണ്.
ഇന്ന് വളാഞ്ചേരി ഏറെ വളര്‍ന്നിരിക്കുന്നു. എഞ്ചിനീയറിംഗ്, സ്വാശ്രയ കോളേജ്, ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് ടീച്ചേഴ്സ് ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈസ്ക്കൂള്‍, മൂന്ന് യു.പി. സ്ക്കൂളുകള്‍, ഏഴ് എല്‍. പി. സ്ക്കൂളുകള്‍, ഗവ. ആശുപത്രികള്‍, ബ്ലോക്ക് ആപ്പീസ്, ദേശസാല്‍കൃത സ്വകാര്യ സഹകരണ ബാങ്കുകള്‍, എന്നിവയുടെ പ്രവര്‍ത്തനമുള്ള വളാഞ്ചേരി പഞ്ചായത്ത് സമ്പന്നമാണ്. നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക സന്നദ്ധ സംഘടനകളും വളാഞ്ചേരിയുടെ പുരോഗതിയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിക്കുന്നു. നമുക്ക് അഭിമാനിക്കാവുന്ന ഓട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിരവധി റോഡുകളും പാലങ്ങളും ഒക്കെയായി ഒരു മുന്‍സിപ്പല്‍ പ്രദേശമായി ഉയര്‍ത്തപ്പെട്ട ഒരു സാഹചര്യത്തിലാണ് നമ്മള്‍ 13-ാം പഞ്ചവല്‍സര പദ്ധതിയെ വരവേല്‍ക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയും കക്ഷിരാഷ്ട്രീയത്തിനതീതമായും നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും അതുല്യമായ ഒരു വികസന വിപ്ലവം തീര്‍ക്കുവാന്‍ നമുക്ക് സാധിക്കും.
സ്വാതന്ത്ര്യമെന്ന സ്വപ്നം പൂവണിഞ്ഞപ്പോള്‍ രാജ്യത്തിന്‍റെ വികസന സ്വപ്നത്തിന് ദിശാ ബോധം നല്‍കിയാണ് ഭാരതത്തില്‍ പഞ്ചവത്സര പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യന്‍ ഭരണഘടന മുറുകെ പിടിച്ച്കൊണ്ട് കോടാനുകോടി ജനങ്ങളുടെ സാമൂഹിക സാംസ്കാരിക ഭൗതിക മുന്നേറ്റത്തിന് നിറം പകര്‍ന്ന 12 പഞ്ചവത്സര പദ്ധതികള്‍ വിലയിരുത്തുമ്പോള്‍ വ്യാവസായിക രംഗങ്ങളിലും സാമൂഹിക സേവന രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ നേട്ടങ്ങള്‍ നമുക്ക് കൈവരിക്കാന്‍ സാധിച്ചെങ്കിലും ഇപ്പോഴും വികസനം എത്തിച്ചേരാത്ത മേഖലകളും വിഭാഗങ്ങളും നമ്മുടെ പ്രദേശത്തുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോളാണ് നാം പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലേക്ക് കാലെടുത്ത് വെക്കുന്നത്.
2015 എപ്രില്‍ 30-ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 152/2015/തസ്വഭവ പ്രകാരം വളാഞ്ചേരി ഗ്രാമപഞ്ചായത്ത് 2015 നവമ്പര്‍ 1 ന് വളാഞ്ചേരി മുന്‍സിപ്പാലിറ്റിയായി. 21.90 സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവുള്ള ഈ മുന്‍സിപ്പാലിറ്റിയിലെ മൊത്തം ജനസംഖ്യ 44437 ആണ്. ഇതില്‍ സ്ത്രീകള്‍ 21932. പുരുഷന്‍മാര്‍ 22505. പട്ടികജാതിക്കാര്‍ 3693 പേര്‍. ഇപ്പോള്‍ 33 വാര്‍ഡുകളും 26935 വോട്ടര്‍മാരുമുള്ള വളാഞ്ചേരി മുന്‍സിപ്പാലിറ്റിയുടെ നിലവിലുള്ള ഭരണസമിതി 12-11-2015ന് അധികാരത്തില്‍ വന്നു. മുന്‍സിപ്പല്‍ ഭരണ സാരഥി ശ്രീമതി. സി.കെ റുഫീന ആണ്.
- 1290 views