വളാഞ്ചേരി നഗരസഭയിൽ നഗരശ്രീ ഉത്സവിന് തുടക്കമായി

Posted on Saturday, November 6, 2021
kudubhasree

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീയുടെ പിന്തുണയോടെ വളാഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന 'ദേശീയ നഗര ഉപജീവന ദൗത്യം' - (എൻ.യു.എൽ.എം) പ്രവർത്തനങ്ങളുടെ സേവനങ്ങൾ താഴെതട്ടിലെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന നഗരശ്രീ ഉത്സവിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻഡ് കൊണ്ടുവരുന്നതിന് പൊതുജനങ്ങളിൽ നിന്നും ആശയങ്ങൾ ക്ഷണിക്കുമെന്നും വൈവിദ്ധ്യമാർന്ന പ്രാദേശിക സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രോത്സ്സാഹനം നൽകുമെന്നും ചെയർമാൻ അറിയിച്ചു. ഉത്പന്നങ്ങളുടെ വിപണനത്തിന് സ്ഥിരം വിപണന കേന്ദ്രം മാർക്കറ്റിനോടനുബന്ധിച്ച് ഉടനെ ആരംഭിക്കുമെന്നും ചെയർമാൻ അറിയിച്ചു.നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർ പേഴ്‌സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു. നഗരശ്രീ ഉത്സവിന്റെ ഭാഗമായി നിലവിലെ കുടുംബശ്രീ സംഘടന സംവിധാനം വിലയിരുത്തുക, പുതുതായി അയൽക്കൂട്ടങ്ങൾ രൂപീകരിക്കുക, മികച്ച അയൽക്കൂട്ടങ്ങൾക്ക് റിവോൾ വിംഗ് ഫണ്ട് അനുവദിക്കുക, സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മേളകൾ സംഘടിപ്പിക്കുക, സൂഷ്മ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നതിനുള്ള വിപണന മേളകൾ സംഘടിപ്പിക്കുക, നൈപുണ്യ പരിശീലനത്തിന് താല്പര്യമുള്ളവരെ കണ്ടെത്തുന്നതിന് മൊബിലൈസെഷൻ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാകുന്നുണ്ട്. നഗരസഭാ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്‌, വാർഡ്‌ കൗൺസിലർമാരായ ഇ.പി അച്ച്യുതൻ, ആബിദ മൻസൂർ, സദാനന്ദൻ കൊട്ടീരി, ഉണ്ണി കൃഷ്ണൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത രമേശ്‌ എന്നിവർ സംസാരിച്ചു. എൻ.യു ൽ.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ സ്വാഗതവും മൾട്ടി ടാസ്ക്ക് പേഴ്‌സൺ നിഷാദ് സി നന്ദിയും പറഞ്ഞു.