വളാഞ്ചേരി -വട്ടപ്പാറ ഫയർ സ്റ്റേഷൻ; പൊതുമരാമത്ത് ഇൻവസ്റ്റിഗേഷൻ വിഭാഗം ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തി

Posted on Thursday, October 21, 2021

 

fire station

വളാഞ്ചേരി വട്ടപ്പാറയിൽ ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന്റെ മുന്നോടിയായി സർവ്വേ നടത്തി.പൊതുമരാമത്ത് ഇൻവസ്റ്റിഗേഷൻ വിഭാഗമാണ് ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തിയത്. വട്ടപ്പാറയിൽ ഫയർ & റസ്ക്യു വിഭാഗത്തിന് ലഭ്യമായ സ്ഥലത്താണ് പി.ഡബ്ല്യു.ഡി ഇൻവസ്റ്റിഗേഷൻ വകുപ്പിന്റെയും ഫയർ ആന്റ് റസ്ക്യൂ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെയും ആഭിമുഖ്യത്തിൽ ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തിയത്. ഇൻവസ്റ്റിഗേഷൻ വിഭാഗം തയ്യാറാക്കുന്ന സർവ്വേ റിപ്പോർട്ട് അടുത്ത ആഴ്ച പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കൈമാറും. തുടർന്ന് ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ ആർക്കിടെക്ചറൽ ഡ്രോയിംഗ്  പൊതുമരാമത്ത് ആർക്കിടെക്ചറൽ വിഭാഗത്തിൽ നിന്ന് ലഭ്യമാകുന്ന മുറക്ക് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കുo.വട്ടപ്പാറയിൽ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിനായി നിയമസഭയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഭൂമി വട്ടപ്പാറയിൽ കാട്ടിപ്പരുത്തി വില്ലേജിലെ റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമി വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് ലഭ്യമായത്.എം.എൽ.എ ജില്ലാ കലക്ടർ, തിരൂർ തഹസിൽദാർ, ആർ.ഡി.ഒ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കിയതിന്റെ ഭാഗമായി നിർദ്ദിഷ്ട ഭൂമിയിൽ നിന്നും പോലീസ് അധീനതയിലുള്ള തൊണ്ടി വാഹനങ്ങൾ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നേരത്തെ മാറ്റിയിരുന്നു.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഫയർ സ്റ്റേഷനുള്ള ഭരണാനുമതി ലഭിച്ചത്.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തിരുവനന്തപുരത്ത് മുഖ്യമന്ത്രി, ഫയർ &റസ്ക്യൂ സർവ്വീസസ് ഡയറക്ടർ ജനറൽ എന്നാ വരുമായി സംസാരിച്ച് നിർദ്ദിഷ്ട ഭൂമി സംബന്ധമായ കാര്യങ്ങളുടെ പുരോഗതി അറിയിക്കുകയും ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന്റെ ആവശ്യത ചർച്ച ചെയ്യുകയും ചെയ്തിരുന്നു.എം.എൽ.എയുടെ ശുപാർശ പ്രകാരം ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് 2021 - 22 ബഡ്ജറ്റിൽ ഉൾപ്പെടുത്തി അടങ്കൽ തുകയുടെ 20 % ആയ 80 ലക്ഷം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.പ്രസ്തുത പദ്ധതിയുടെ അടങ്കൽ തുകയായ 4 കോടി രൂപക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ച് വരുന്നതായും എം.എൽ.എ പറഞ്ഞു.വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, എം.എൽ.എയുടെ പ്രതിനിധി ജുനൈദ് പാമ്പലത്ത് എന്നിവരുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത് ഇൻവസ്റ്റിഗേഷൻ അസിസ്റ്റന്റ് എഞ്ചിനിയർ അരുണി, ഫയർ ആന്റ് റസ്ക്യൂ വിഭാഗം തിരൂർ സ്റ്റേഷൻ ഓഫീസർ പ്രമോദ് കുമാർ , മഞ്ചേരി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടത്തിയത്.