മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍, കുറ്റിപ്പുറം ബ്ളോക്കിലാണ്, സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ വളാഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാട്ടിപ്പരുത്തി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന വളാഞ്ചേരി ഗ്രാമപഞ്ചായത്തിനു 21.90 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ആതവനാട്, മാറാക്കര, എടയൂര്‍ ഗ്രാമപഞ്ചായത്തുകളും കിഴക്കുഭാഗത്ത് എടയൂര്‍, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകളും തെക്കുഭാഗത്ത് കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് കുറ്റിപ്പുറം, ആതവനാട് ഗ്രാമപഞ്ചായത്തുകളും ആണ്. ഭൂപ്രകൃതിയനുസരിച്ച് വളാഞ്ചരി പഞ്ചായത്തിനെ, ഉയര്‍ന്ന നിരപ്പുള്ള പ്രദേശങ്ങള്‍, കുന്നിന്‍ചെരിവുകള്‍, സമതലപ്രദേശങ്ങള്‍, നെല്പാടങ്ങള് എന്നിങ്ങനെ നാലായി തരം തിരിക്കാം. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളധികവും ചെങ്കല്‍ പ്രദേശങ്ങളാണ്. കശുവണ്ടിയും പടുമരങ്ങളും മറ്റു ഇടകൃഷികളും മാത്രമാണവിടങ്ങളിലുള്ളത്. ഗതാഗതയോഗ്യമായ ഈ പ്രദേശങ്ങളില്‍ ജനവാസവും ഏറെയുണ്ട്. കുന്നിന് ചെരുവുകളില്‍ പ്രധാന കൃഷി തെങ്ങാണ്. മാവ്, പ്ളാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും ചെരുവുകളില്‍ സമൃദ്ധിയായി വളരുന്നുണ്ട്. കുന്നിന് ചെരുവുകളുടെ താഴ്വാര പ്രദേശങ്ങള്‍ ജനനിബിഡമാണ്. തെങ്ങ്, കവുങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, വെറ്റില, പച്ചകറികള്‍ എന്നിവ കൃഷിചെയ്യുന്ന ഈ പ്രദേശങ്ങള്‍ ഫലഭൂയിഷ്ഠവുമാണ്. താഴ്വാരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ പ്രധാനകൃഷി നെല്ലാണ്. മഴയേയും ചെറുതോടുകളെയും ആശ്രയിച്ചാണ് ഈ പ്രദേശത്തെ കൃഷി. 1959-ല്‍ കൈപൊക്കി വോട്ടെടുക്കുന്ന സമ്പ്രദായത്തിലൂടെയാണ് പഞ്ചായത്തിന്റെ ആദ്യഭരണസമിതി നിലവില്‍ വന്നത്. 1964-ല്‍ ആദ്യതെരഞ്ഞെടുപ്പ് നടന്നു. 1980 വരെ കാട്ടിപ്പരുത്തി സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായിരുന്ന ഈ പ്രദേശം, 1981-ല്‍ പേരുമാറ്റി വളാഞ്ചേരി പഞ്ചായത്തായി. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടുപ്പമേറിയ വെട്ടുകല്‍ മണ്ണാണ് കുന്നിന് പ്രദേശങ്ങളില്‍ കാണപ്പെടുന്നത്. കുന്നിന്‍പ്രദേശങ്ങളിലും, ചെരുവുകളിലും ചരല്‍മണ്ണ് കണ്ടുവരുന്നു. മൈലാടികുന്ന്, കാശാംകുന്ന്, മാടത്തിയാര്‍ കുന്ന് എന്നിവയാണ് പ്രധാന കുന്നുകള്‍. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാനകൃഷികള്‍.
- 687 views